ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
സ്ഥാപന ചരിത്രം
പാലക്കാട് ജില്ലയില്‍, ചിറ്റൂര്‍ താലൂക്കില്‍, കൊല്ലങ്കോട് ബ്ളോക്കിലാണ് പട്ടഞ്ചരി (സ്പെഷല്‍ ഗ്രേഡ്) ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. ഈ ഗ്രാമപഞ്ചായത്തിന് 30.30 ചതുരശ്രകിലോമീറ്റര്‍ വിസ്തൃതിയുണ്ട്. ഈ പഞ്ചായത്തിന്റെ അതിരുകള്‍ വടക്കുഭാഗത്ത് പെരുമാട്ടി പഞ്ചായത്തും, പടിഞ്ഞാറുഭാഗത്ത് പുതുനഗരം പഞ്ചായത്തും തെക്കുഭാഗത്ത് വടവന്നൂര്‍, മുതലമട എന്നീ പഞ്ചായത്തുകളും, കിഴക്കുഭാഗത്ത് തമിഴ്നാടുമാണ്. ഇന്ന് നിലവിലുള്ള പട്ടഞ്ചേരി, പെരുമാട്ടി എന്നീ പഞ്ചായത്തുകള്‍ ഉള്‍പ്പെടുന്ന പ്രദേശം മുന്‍കാലത്ത് പട്ടഞ്ചേരി പഞ്ചായത്ത് എന്ന പേരില്‍ പഴയ കൊച്ചി രാജ്യത്തിന്റെ ഭാഗമായിരുന്നു. സ്വാതന്ത്ര്യാനന്തരം ഐക്യകേരളം രൂപം കൊള്ളുന്ന കാലത്തിനിടയില്‍ തിരു-കൊച്ചിയുടെ ഭാഗമായി മാറി. ഭട്ടശ്രേണി എന്ന പേരില്‍ അറിയപ്പെട്ടിരുന്ന നമ്പൂതിരി ഇല്ലങ്ങളുടെ കേന്ദ്രമാണ് പിന്നീട് പട്ടഞ്ചേരിയായി മാറിയത്. ടിപ്പുവിന്റെ പടയോട്ടക്കാലത്ത് നമ്പൂതിരിമാര്‍ ഇവിടം വിട്ട് പോയി. നായര്‍ത്തറ, പണ്ടാരത്തറ, ചെട്ടിത്തറ, ആശാരിത്തറ, കൊശവത്തറ, കവറത്തറ എന്നിങ്ങനെ വ്യത്യസ്ത സമുദായങ്ങള്‍ക്കായി പ്രത്യേക ആവാസകേന്ദ്രങ്ങള്‍ ഉണ്ടായിരുന്നുവെങ്കിലും ജാതിസ്പര്‍ദ്ധ ഉണ്ടായിരുന്നില്ല. പഴയ കൊച്ചിരാജ്യത്തിന്റെ ഭാഗമായിരുന്നകാലത്ത് പട്ടഞ്ചേരി പഞ്ചായത്തിന് നീതിന്യായാധികാരം ഉണ്ടായിരുന്നു. പഞ്ചായത്തിന്റെ ആദ്യ പ്രസിഡന്റ് ചാത്തപ്പാടം കൃഷ്ണന്‍ നായര്‍ ആയിരുന്നു. ഡോക്ടര്‍ എ.ആര്‍.മേനോന്‍, കൊച്ചി മുഖ്യമന്ത്രി ആയിരുന്നപ്പോള്‍ കൊച്ചിസ്റ്റേറ്റില്‍ മാതൃകാ പഞ്ചായത്തുകളായി തെരഞ്ഞെടുത്ത ആറു പഞ്ചായത്തുകളിലൊന്ന് പട്ടഞ്ചേരി ആയിരുന്നു. ചിറ്റൂര്‍ താലൂക്കിന്റെ തെക്കുകിഴക്കായി സ്ഥിതിചെയ്യുന്ന പട്ടഞ്ചേരി പഞ്ചായത്ത് കിഴക്കുപടിഞ്ഞാറായി നീണ്ടു കിടക്കുന്നു. പടിഞ്ഞാറു നിന്നും കിഴക്കോട്ടു പോകുന്തോറും അകലം കുറഞ്ഞുവരുന്നത് ഇതിന്റെ മറ്റൊരു സവിശേഷതയാണ്. കിഴക്കുനിന്നും പടിഞ്ഞാറോട്ടൊഴുകുന്ന ചിറ്റൂര്‍ പുഴയുടെ തെക്കുവശത്തായി മിക്കവാറും സമാന്തരമായിട്ടാണ് പട്ടഞ്ചേരി പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. പൊതുവായി ഉയര്‍ച്ചയും താഴ്ചയും ഇടകലര്‍ന്ന ഒരു സമതലമാണ് ഈ പ്രദേശമെന്ന് പറയാം. എന്നാലും താരതമ്യേന ഉയരം കൂടിയ കുന്നുകളും ഇവിടെയുണ്ട്. ഉയര്‍ന്ന പ്രദേശങ്ങള്‍ക്കിടയിലായി കാണപ്പെടുന്ന താരതമ്യേന താഴ്ന്ന പ്രദേശങ്ങളാണ് കൂടുതലും. താഴ്ന്ന പ്രദേശങ്ങളിലൂടെ ഒഴുകുന്ന നീര്‍ച്ചാലുകള്‍ തെക്കോട്ടൊഴുകി ചിറ്റൂര്‍ പുഴയ്ക്കു സമാന്തരമായി പഞ്ചായത്തിന്റെ തെക്കുഭാഗത്തുള്ള (കിഴക്കു നിന്നും പടിഞ്ഞാറോട്ടൊഴുകുന്ന) ഗായത്രി പുഴയിലാണ് ചെന്നുചേരുന്നത്.
സാമൂഹ്യസാംസ്കാരികചരിത്രം
നൂറ്റാണ്ടുകള്‍ക്ക് മുമ്പു തന്നെ ചിറ്റൂര്‍ പുഴയില്‍നിന്നും, അണകെട്ടി ജലസേചനം നടത്തിയിരുന്ന പ്രദേശമാണ് പട്ടഞ്ചരി. അക്കാലങ്ങളില്‍ കാര്‍ഷികമേഖല സമ്പല്‍സമൃദ്ധമായിരുന്നു. ഭൂവുടമകളില്‍ അധികവും നായന്മാരും, ബ്രാഹ്മണരും ആയിരുന്നു. കര്‍ഷകരില്‍ ഭൂരിഭാഗവും ഈഴവരായിരുന്നു. കര്‍ഷകത്തൊഴിലാളികളില്‍ ഭൂരിഭാഗവും ചെറുമരും. സ്വയംപര്യാപ്തമായ പഞ്ചായത്ത് എന്ന് വിശേഷിപ്പിക്കത്തക്കവിധത്തില്‍ ആശാരി, കൊല്ലന്‍, മൂശാരി, കൊശവന്‍, തട്ടാന്‍, പാണന്‍, പറയന്‍, മണ്ണാന്‍, കവറ എന്നിവരില്‍ അവരവരുടേതായ തൊഴിലില്‍ പ്രാവീണ്യം നേടിയ നിരവധിപേര്‍ ഇവിടെ ഉണ്ടായിരുന്നു. കര്‍ഷകഭവനങ്ങളില്‍ പണിക്കുടി കൊല്ലന്‍, പണിക്കുടി ആശാരി, പണിക്കുടി കവറ, പണിക്കുടി മൂശാരി, പണിക്കുടി മണ്ണാന്‍, എന്നീ വിവിധ ജാതിവിഭാഗങ്ങള്‍ക്ക് അവരവരുടേതായ പങ്ക് ഉണ്ടായിരുന്നു. നല്ലനാള്‍ കുറിക്കുന്നതിന് പണിക്കുടി ജോത്സ്യര്‍ വരെ ഉണ്ടായിരുന്നു. പട്ടഞ്ചരിയുടെ പുരാതനകലാരൂപമായ കതിര്‍, കൂത്ത് എന്നീ ഉത്സവങ്ങളില്‍ കീഴാളര്‍ മുതല്‍ നമ്പൂതിരി വരെയുള്ള സമുദായക്കാരുടെ ഭാഗധേയവും സജീവപങ്കാളിത്തവും ഉണ്ടായിരുന്നു. ഇവിടുത്തെ വ്യാപാരപ്രമുഖരില്‍ പലരും തമിഴ്നാട്ടില്‍ നിന്നും വന്ന ചെട്ടിയാര്‍മാരായിരുന്നു. ഇത്തരം കാരണങ്ങളാല്‍ തമിഴ്, തെലുങ്ക്, മലയാളം എന്നീ മൂന്ന് ഭാഷകളാല്‍ സമ്പുഷ്ടമായിരുന്നു ഈ പ്രദേശം. തമിഴ് സംസ്ക്കാരത്തിന്റെ ഭാഗമായ മാരിയമ്മന്‍കോവിലുകളും പൊങ്കല്‍ ആഘോഷവും ഇപ്പോഴും നിലവിലുണ്ട്. ഏതാണ്ട് 1950 വരെ ഈ നില അഭംഗുരം തുടര്‍ന്നിരുന്നു. സാധാരണ അമ്പലങ്ങളുടെ നടത്തിപ്പ് ബ്രാഹ്മണര്‍ കയ്യാളിയിരുന്നു. എന്നാല്‍ പട്ടഞ്ചരി ശിവക്ഷേത്രം ഇപ്പോഴും നായര്‍ വീട്ടുകാരുടെ അധീനതയില്‍ ആണ്. ഭൂപരിഷ്ക്കരണ നിയമം വരുന്നതിനു മുന്‍പ് പട്ടഞ്ചരിയിലെ പല കര്‍ഷകരും ജന്മിമാരായിരുന്നു. മുസ്ളീം വിഭാഗക്കാരില്‍ മതപരിവര്‍ത്തനം നടത്തപ്പെട്ടവരേക്കാള്‍ തഞ്ചാവൂരില്‍ നിന്നും കുടിയേറി പാര്‍ത്തവരായിരുന്നു കൂടുതല്‍ എന്ന് കരുതപ്പെടുന്നു. പ്രശസ്തമായ ചന്ദനക്കുടം നേര്‍ച്ച, നാല്‍പതടി തങ്ങളുടെ കബര്‍ നേര്‍ച്ച എന്നിവ ഹിന്ദു-മുസ്ളീം വിഭാഗങ്ങള്‍ ഒരുമിച്ച് ഇന്നും ആഘോഷിച്ചുവരുന്നു. വിഷുക്കണി ഒരുക്കുന്ന മുസ്ളീം കുടുംബങ്ങള്‍ പട്ടഞ്ചരിയിലുണ്ട്. വരിഷ്ഠപുരി ആശ്രമം സ്ഥിതി ചെയ്യുന്നത് പട്ടഞ്ചരിയിലെ ചോഴിയക്കാട് എന്ന സ്ഥലത്താണ്. പഞ്ചായത്തിന്റെ കിഴക്കന്‍ഭാഗമായ കന്നിമാരിയിലാണ് ചരിത്രപ്രസിദ്ധമായ കന്നിമാരി തേക്ക് സ്ഥിതി ചെയ്യുന്നത്. 1942-ല്‍ ലളിതകലാ വായനശാല എന്ന പേരില്‍ പട്ടഞ്ചരിയില്‍ എ.വി.കൃഷ്ണന്‍, ജനാര്‍ദ്ദനമേനോന്‍, ചാത്തുക്കുട്ടി, വിശ്വനാഥമേനോന്‍, കറുപ്പന്‍, ടി.കുമാരന്‍, വിജയന്‍മാസ്റ്റര്‍ എന്നിവരുടെ നേതൃത്വത്തില്‍ തുടങ്ങിയ ഗ്രന്ഥശാല, വില്ലേജ് ലൈബ്രറി ആന്റ് റീഡിങ്ങ് റൂം എന്ന് പിന്നീട് പേരുമാറ്റം വരുത്തി. 1956ല്‍ കേരളത്തിലെ മെച്ചപ്പെട്ട ലൈബ്രറികളില്‍ ഒന്നായിരുന്നു പട്ടഞ്ചരി ഗ്രാമീണ ഗ്രന്ഥശാല. സ്വാതന്ത്യ്രസമരസേനാനികളായ വൈ.ജനാര്‍ദ്ദനമേനോന്‍, വി.ബാലഗംഗാധരമേനോന്‍, ബി.ചന്ദ്രശേഖരമേനോന്‍ എന്നിവര്‍ പട്ടഞ്ചരിയില്‍ ജനിച്ചുവളര്‍ന്നവരാണ്. പറക്കൊട്ടും പുള്ളുവന്‍മാരുടെ കളമെഴുത്തു പാട്ടും ഇന്നും ഈ പ്രദേശത്ത് പ്രചാരത്തിലുണ്ട്. മാങ്ങോട്ടില്‍ പറവാദ്യം നടത്തുന്ന കലാകാരന്മാര്‍ ഇപ്പോഴുമുണ്ട്. നന്ദിയോട് കേന്ദ്രീകരിച്ച് പൊറാട്ടുകളി ഇന്നും സജീവമാണ്. 1936-ലാണ് പട്ടഞ്ചരിയില്‍ എക്സ്പിരിമെന്റല്‍ പോസ്റ്റാഫീസ് സ്ഥാപിച്ചത്.